Our Gallery
സഹകരണ പ്രസ്ഥാനം ശക്തമായ ബദൽ : മന്ത്രി ജെ. ചിഞ്ചുറാണി കേരളത്തിന്റെ തനതായ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും, അതിനുള്ള ഏറ്റവും ശക്തവും ജനകീയവുമായ ബദൽ സഹകരണ പ്രസ്ഥാനമാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കനകക്കുന്നിൽ നടക്കുന്ന സഹകരണ എക്സ്പോ 2025 ന്റെ ഭാഗമായി സംഘടിപ്പിച്ച 'പരമ്പരാഗത വ്യവസായ മേഖലയും സഹകരണ പ്രസ്ഥാനവും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളിൽ പരമ്പരാഗത വ്യവസായങ്ങൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സഹകരണ കൂട്ടായ്മകളിലൂടെ മാത്രമേ സാധിക്കൂ. പരമ്പരാഗത വ്യവസായങ്ങൾ കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ആഗോളവത്കരണവും സാങ്കേതികവിദ്യകളുടെ കടന്നുവരവും മൂലം സഹകരണ മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, ഉയർന്ന ഉത്പാദനച്ചെലവ്, വിപണന സാധ്യതകളിലെ പരിമിതികൾ, തൊഴിലാളികളുടെ കുറവ്, പുതിയ തലമുറയുടെ വിമുഖത എന്നിവയെല്ലാം പരമ്പരാഗത തൊഴിൽ മേഖലയെ ദുർബലപ്പെടുത്തുന്ന ഘടകങ്ങളാണ്. സഹകരണ പ്രസ്ഥാനത്തിന് ഈ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കാനാകും. സഹകരണ സംഘങ്ങളിലൂടെ കർഷകർക്കും തൊഴിലാളികൾക്കും സംഘടിതരാകാനും, ഉത്പാദന പ്രക്രിയയിൽ ശാസ്ത്രീയമായ സമീപനം സ്വീകരിക്കാനും, ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും, മികച്ച വിപണന സാധ്യതകൾ കണ്ടെത്താനും സാധിക്കുമെന്ന് അവർ വ്യക്തമാക്കി. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെയും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലൂടെയും പരമ്പരാഗത വ്യവസായങ്ങളെ ലാഭകരവും ആകർഷകവുമാക്കി മാറ്റാൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കയർ മേഖല കേരളത്തിന്റെ പ്രധാന പരമ്പരാഗത വ്യവസായങ്ങളിൽ ഒന്നാണെന്നും, ഈ മേഖലയിലെ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ കയർഫെഡ് പോലുള്ള സഹകരണ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാർ പറഞ്ഞു. കായലും കായലോരവും ചേർന്നുള്ള ഭൂപ്രകൃതിയും തെങ്ങുകൃഷിയുടെ വ്യാപനവും കയർ വ്യവസായത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിൽ ഒരുക്കുന്നത്. യന്ത്രവത്ക്ക രണത്തിന്റെയും പുതിയ ഉത്പന്നങ്ങളുടെയും കടന്നുവരവ് കയർ മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറന്നു നൽകുന്നുണ്ടെന്നും, സഹകരണ സംഘങ്ങളിലൂടെ ഈ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കൈത്തറി, കരകൗശല മേഖലകളും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് കേരള സ്റ്റേറ്റ് ഹാൻഡി ക്രാഫ്റ്റ് അപ്പെക്സ് കോപ്പറേറ്റീവ് സൊസൈറ്റി (സുരഭി)ചെയർമാൻ വി.എസ്. സുലോചനൻ ചൂണ്ടിക്കാട്ടി. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ്, വിപണിയിലെ മത്സരം, തൊഴിലാളികളുടെ കുറവ് എന്നിവയെല്ലാം ഈ മേഖലയെ ബാധിക്കുന്നുണ്ട്. സുരഭി പോലുള്ള സഹകരണ സ്ഥാപനങ്ങൾ ഈ മേഖലയിലെ തൊഴിലാളികൾക്ക് താങ്ങും തണലുമാകുന്നുണ്ടെന്നും, ആധുനിക ഡിസൈനുകൾ വികസിപ്പിച്ച് പുതിയ വിപണികൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈത്തറി മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഹാന്റെക്സ് മാർക്കറ്റിംഗ് മാനേജർ അജിത്ത് സംസാരിച്ചു. പ്രതിസന്ധിയിലായ കൈത്തറി മേഖലയെ പുനരുദ്ധരിക്കുന്നതിന് സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണെന്നും, കൈത്തറി സഹകരണ സംഘങ്ങളിലൂടെ തൊഴിലാളികൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനും, ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും, വിപണന ശൃംഖല ശക്തിപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് പരമ്പരാഗത വ്യവസായങ്ങളുടെയും സഹകരണ പ്രസ്ഥാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കാഡ്കോസ് ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ സംസാരിച്ചു. അബ്കാരി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും സഹകരണ പ്രസ്ഥാനത്തിനും ഊന്നൽ നൽകി കൊണ്ട് അബ്കാരി വെൽഫെയർ ബോർഡ് ചെയർമാൻ കെ.എസ്. സുനിൽ കുമാർ സംസാരിച്ചു