Our Gallery
ദുരന്ത മുഖത്ത് ജനങ്ങൾക്ക് തണലായത് സഹകരണ സംഘങ്ങൾ : മന്ത്രി വി. ശിവൻകുട്ടി സഹകരണ സ്ഥാപനങ്ങൾ വെറും ധനകാര്യ സ്ഥാപനങ്ങളല്ല അവ സമൂഹത്തിലെ നീതി, സാമ്പത്തിക ജനാധിപത്യം, സാമൂഹിക വികസനം എന്നിവയുടെ ഊർജ്ജസ്വലമായ മുൻനിര പോരാളികളാണെന്ന് കേരള പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സഹകരണ എക്സ്പോ 2025 ൻ്റെ ഭാഗമായി സംഘടിപ്പിച്ച 'സഹകരണ സ്ഥാപനങ്ങളും കോർപറേറ്റുകളും: ഒരു ജനാധിപത്യ ബദൽ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമുഹിക വികസനവും ദുർബല വിഭാഗങ്ങളുടെ ഉന്നമനവും എന്ന സ്വപ്നത്തിൽ നിന്ന് ജനിച്ച ഒരു പ്രസ്ഥാനമാണ് കേരള സഹകരണ സംഘങ്ങൾ. കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യൻ്റെ ഐക്യം, അന്തസ്സ്, തുല്യത എന്നിവ ഉയർത്തിപ്പിടിച്ചുക്കൊണ്ട് ബിസിനസ് നടത്താൻ സാധിക്കുമെന്ന് സഹകരണ സംഘങ്ങൾ തെളിയിച്ചിട്ടുണ്ട്. ചൂരൽമല ദുരന്ത സമയത്ത് ഒരു കോർപ്പറേറ്റ് സ്ഥാപനവും കാരുണ്യത്തിൻ്റെ കൈനീട്ടിയില്ല. അതേസമയം ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക് മാതൃകയായി. കേരളത്തിലുടനീളം സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിദ്യാർഥികൾക്ക് കുറഞ്ഞ വിലയിൽ പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയെ പറ്റിയും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കോപ് കേരള സർട്ടിഫിക്കറ്റ് മന്ത്രി കുന്നുകര സർവീസ് കോപ്പറേറ്റീവ് സൊസൈറ്റി ഇൻ്റേണൽ ഓഡിറ്റർ സുധീഷ് കുമാറിനു സമ്മാനിച്ചു. ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ഔട്ട്‌ലെറ്റ് പോലെ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനാധിപത്യ രീതി പിന്തുടരുന്ന കേരള സഹകരണ സംഘങ്ങൾ ഒരു മാതൃകയാണെന്ന് അധ്യക്ഷ സ്ഥാനം വഹിച്ച കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ പറഞ്ഞു. ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന കോർപ്പറേറ്റുകൾക്ക് ഇടയിൽ സാധാരണ ജനങ്ങൾക്കായി നിലകൊള്ളുന്ന കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ പ്രതീക്ഷയുടെ ഒരു ചെറു തുരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാറിന് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമൻ കേരളത്തിൻ്റെ സഹകരണ ബദൽ എന്ന ആശയത്തെ ഊട്ടിയുറപ്പിച്ചു. ആളോഹരി വരുമാനത്തിൽ മറ്റു സംസ്ഥാനങ്ങളെ മറികടക്കാൻ സാധിച്ചതിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക അസമത്വം ഇല്ലായ്മ ചെയ്യാനായി ഒരു സാമുഹിക പുനഃസംഘടന ആവശ്യമാണെന്നും അതിൻ്റെ നേതൃത്വം സഹകരണ സംഘങ്ങൾ ഏറ്റെടുക്കണമെന്നും ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോക്ടർ കെ.എൻ. ഹരിലാൽ നിർദ്ദേശിച്ചു. ഇഫ്‌കോ പോലെയുള്ള സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രീതിയെക്കുറിച്ച് കോപ്പറേറ്റീവ് ഡെവലപ്മെൻ്റ് ജനറൽ മാനേജർ സന്തോഷ് കുമാർ ശുക്ല വിശദീകരിച്ചു. സ്‌കൂൾ ഓഫ് ലോ ആൻഡ് ജസ്റ്റിസ് യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസിൽ ലെക്ചർ ഡോ. ആൻ ആപ്‌സ് സാമ്പത്തിക മേഖലയിലെ നിയമപരമായ വെല്ലുവിളികളെപ്പറ്റി ഓൺലൈൻ സെഷനിലൂടെ സംസാരിച്ചു