Our Gallery
"നൂറു സാംസ്‌ക്കാരിക സദസ്സുകൾ ; നൂറു സഹകരണ ഗ്രന്ഥാലയങ്ങൾ" എന്ന ദൗത്യത്തിന് പ്രാധാന്യമേറെ: വി എൻ വാസവൻ ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സർവ്വമത സമ്മേളനം വിളിച്ചു കൂട്ടിയതിന്റെ വാർഷികം, വൈക്കം സത്യാഗ്രഹ വാർഷികം , കുമാരനാശാന്റെ നൂറ്റിയൻപതാം ജൻമ വാർഷികം എന്നിങ്ങനെ കേരള ചരിത്രത്തിലെ സുപ്രധാന ഏടുകൾ ഓർമ്മിക്കപ്പെടുന്ന കാലത്ത് സഹകരണ വകുപ്പ് തുടക്കം കുറിക്കുന്ന "നൂറു സാംസ്‌ക്കാരിക സദസ്സുകൾ ; നൂറു സഹകരണ ഗ്രന്ഥാലയങ്ങൾ" എന്ന ദൗത്യത്തിന് പ്രധാന്യമേറെയുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. സഹകരണ എക്‌സ്‌പോ 2023 ൽ നടന്ന സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ എം കെ സാനുവിനെ മന്ത്രി ആദരിച്ചു. പഠനങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും സാനുമാഷ് മലയാള സാഹിത്യ ലോകത്തിനു വലിയ സംഭാവനയാണ് നൽകിയതെന്ന് വി എൻ വാസവൻ പറഞ്ഞു. ആശാന്റെ കൃതികളിലെ സ്ത്രീപക്ഷ നിലപാടുകളെയും നവോത്ഥാന സങ്കൽപ്പങ്ങളെയും എടുത്തു കാട്ടുന്നതിലും ആഴത്തിലുള്ള കാഴ്ചപ്പാടുകൾ പകർന്നു നൽകുന്നതിലും സാനുമാഷ് വഹിച്ച പങ്കിനെയും മന്ത്രി പ്രശംസിച്ചു. ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുത്ത എം കെ സാനു മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ നിറവേറ്റുന്നതിൽ സഹകരണ പ്രസ്ഥാനം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന കാര്യം ചൂണ്ടിക്കാട്ടി. സംസ്‌ക്കാരിക മേഖലയെ രാഷ്ട്രീയവത്ക്കരിക്കുന്ന ഈ കാലത്ത് രാഷ്ട്രീയ രംഗത്തെ തെറ്റുകളെ തിരുത്താൻ അതിനെ സാംസ്‌ക്കാരികവൽക്കരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന്റെ പേരിലുള്ള തമ്മിൽത്തല്ലുകളല്ല മറിച്ച് സഹകരണമാണ് ആവശ്യമെന്നും എംകെ സാനു പറഞ്ഞു. അനുതാപം മനുഷ്യർക്ക് എത്രത്തോളം പ്രധാനപ്പെട്ട ഗുണമാണെന്ന കാര്യവും ജസ്റ്റിസ് കൃഷ്ണയ്യരുടെ നീതിന്യായ ഇടപെടലുകളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. അധ്യക്ഷ പ്രസംഗം നടത്തിയ സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡണ്ട് പി കെ ഹരികുമാർ നവോത്ഥാനത്തിന്റെ ആകെത്തുകയായ ജനാധിപത്യത്തെ സമകാലികമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എടുത്തു പറഞ്ഞു. ഇക്കാര്യത്തിൽ സഹകരണ പ്രസ്ഥാനം നൽകുന്ന സംഭാവന വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ് സ്വാഗതം പറഞ്ഞ സാംസ്‌ക്കാരിക സമ്മേളനത്തിൽ നൂറ് സാംസ്‌ക്കാരിക സദസുകൾ, നൂറു സഹകരണ ഗ്രന്ഥാലയങ്ങൾ പദ്ധതി രൂപരേഖയുടെ അവതരണം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ എൽ പാർവതി നായരും പദ്ധതി രൂപരേഖ സമർപ്പണം കേരള ബാങ്ക് സി ജി എം എ ആർ രാജേഷും നിർവ്വഹിച്ചു. കാലടി സർവ്വകലാശാല മുൻ വിസി പ്രൊ. എം സി ദിലീപ് കുമാർ , പാലക്കാട് ജില്ലാകളക്ടർ ഡോ. എസ് ചിത്ര, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ തോമസ്സ് പുതുശ്ശേരി എന്നിവർ പ്രഭാഷണം നടത്തി. സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ ആർ ജ്യോതി പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി.